മലയാളി പൊളിയല്ലേ… | India mixed relay team reach final at Athletics Worlds, qualify for Olympics

relay

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാല് മലയാളികരുത്തില്‍ ഇന്ത്യയുടെ മിക്‌സഡ് റിലേ ടീം ഫൈനലില്‍. 4-400 മീറ്റര്‍ മിക്‌സഡ് റിലേയിലാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് അനസ്, വികെ വിസ്മയ, ജിസ്‌ന മാത്യൂ, നോഹ നിര്‍മല്‍ ടോം എന്നിവരാണ് കളത്തിലിറങ്ങിയത്. ഇതോടെ 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സിനും ടീം യോഗ്യത നേടി.
രണ്ടം ഹീറ്റ്‌സില്‍ ഓടിയ മലയാളി സംഘം മൂന്ന് മിനുട്ട് 16.14 സെക്കന്റില്‍ മൂന്നാം സ്ഥാനക്കാരായി മത്സരം പൂര്‍ത്തിയാക്കി. സീസണില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച സമയമാണിത്. രണ്ട് ഹീറ്റ്‌സില്‍ ആദ്യമെത്തിയ എട്ട് ടീമുകളാണ് ഫൈനലില്‍ എത്തുക. ഇതില്‍ ഏഴാമതാണ് ഇന്ത്യ. മൂന്ന് മിനുട്ട് 12.42 സെക്കന്റില്‍ ഓടിയെത്തിയ അമേരിക്കന്‍ ടീമാണ് ഒന്നാമത്. ലോക റെക്കോര്‍ഡ് സമയം കൂടിയാണിത്.
ആദ്യത്തെ ലാപ്പ് ഓടിയത് അനസായിരുന്നു. രണ്ടാം ലാപ്പില്‍ ഇന്ത്യന്‍ ഹൃദയങ്ങളെ കീഴടക്കി വിസ്മയയുടെ കുതിപ്പ്. മറ്റെല്ലാവരെയും പിന്നിലാക്കി വിസ്മയ മത്സരം മനേഹരമാക്കി. മൂന്നാം ലാപ്പില്‍ ഓടിയ ജിസ്‌ന മാത്യുവും നിര്‍മ്മല്‍ നോവ ടോമും തമ്മിലുള്ള ബാറ്റണ്‍ ഹാന്‍ഡ്ഓവറില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. ദേശീയ റെക്കോര്‍ഡിന് ഉടമ മുഹമ്മദ് അനസ് 400 മീറ്ററില്‍ വ്യക്തിഗത ഇനത്തില്‍ നിന്ന് മാറിനിന്നാണ് 4-400 മീറ്ററില്‍ കളത്തിലിറങ്ങിയത്.