കളിമറന്നു; ഇന്ത്യക്ക് സമനില | India barely draw against spirited Bangladesh

ജയം മനസ്സില്‍ കണ്ട് ലോകകപ്പ് യോഗ്യത മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് സമനില പൂട്ട്. റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ വളരെ പിന്നിലുള്ള ബംഗ്ലാദേശാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. കളി അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് ഇന്ത്യ സമനില ഗോള്‍ നേടിയത്.
42 ാം മിനുട്ടില്‍ സാദ് ഉദ്ദീനിലുടെ ബംഗ്ലാദേശ് മുന്നിലെത്തി. ക്യാപ്റ്റന്‍ ജമാല്‍ ബുയാന്‍ എടുത്ത കിക്ക് ബോക്‌സിലേക്ക്. ബോക്‌സിലേക്ക് വന്ന പന്ത് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധു തട്ടിഅകറ്റാന്‍ ശ്രമിച്ചെങ്കിലും സന്ധു വരുത്തിയ പിഴവില്‍ വീണുകിട്ടിയ അവസരം ഹെഡറിലുടെ സാദ് ഗോളാക്കി മാറ്റി. ഗോള്‍ വഴങ്ങിയ ഇന്ത്യ ഉണര്‍ന്ന് കളിച്ചില്ല. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പന്തിനായി നിരന്തരം അലഞ്ഞു. ലീഡ് നേടിയ ബംഗ്ലാദേശ് പ്രതിരോധം കടുപ്പിച്ചതോടെ സമനില ഗോള്‍ വിട്ടുനിന്നു. കളിഅവസാനിക്കാന്‍ രണ്ട് മിനുട്ട് മാത്രം ബാക്കിനില്‍ക്കെ 88 ാം മിനുട്ടി ആദില്‍ ഖാന്‍ ഇന്ത്യയുടെ രക്ഷകനായി. തോല്‍വിയിലേക്ക് നീങ്ങിയിരുന്നു ഇന്ത്യയെ തകര്‍പ്പന്‍ ഹെഡറിലൂടെ ആദില്‍ രക്ഷിച്ചു.
ലോകകപ്പ് യോഗ്യത റൗണ്ടില്‍ മൂന്ന് കളിയില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള ഇന്ത്യ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. നവംബര്‍ 14ന് അഫ്ഗാനിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം