മുന്‍ സന്തോഷ് ട്രോഫി താരം കോവിഡ് ബാധിച്ച് മരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം ഇളയിടത്ത് ഹംസക്കോയ (63) കോവിഡ് ബാധിച്ച് മരിച്ചു. ശനിയാഴ്ച്ച മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. പത്തു ദിവസം മുന്‍പ് മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്ത് തിരിച്ചെത്തിയ ഇദ്ദേഹം ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടെ നടത്തിയ പരിശോധനയില്‍ കോവിഡ് – 19 സ്ഥിരീകരിക്കുകയായിരുന്നു.
പരപ്പനങ്ങാടിയില്‍ ബിഇഎം ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പന്ത്തട്ടി തുടങ്ങിയ അദ്ദേഹം രാജ്യം അറിയപ്പെടുന്ന താരമായി മാറി. 1971, 72, 73 എന്നീ വര്‍ഷങ്ങളില്‍ തിരൂരങ്ങാടി പിഎസ്എംഒ കോളജിനെ യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍മാരാക്കിയതിലും ഹംസക്കോയയുടെ പങ്കുണ്ടായിരുന്നു. ലോങ് ജംമ്പില്‍ സ്റ്റേറ്റ് ചാമ്പ്യനുംകൂടിയാണ് ഹംസക്കോയ.
സ്‌പോര്‍ട്‌സ് കോട്ടയില്‍ റെയില്‍വെയില്‍ ജോലി ലഭിച്ച ഹംസക്കോയ സതണ്‍ റെയില്‍വെ ടീമില്‍ 5 കൊല്ലം കളിച്ചു. പിന്നീട് യൂണിയന്‍ ബാങ്കിന്റെ ബൂട്ടണിഞ്ഞ കോയ 1981 മുതല്‍ 86 വരെയുള്ള സന്തോഷ് ട്രോഫികളില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചതോടെ അറിയപ്പെടുന്ന താരമായി മാറി.
മൊഹമ്മദന്‍സ്, മോഹന്‍ ബഗാന്‍, ടാറ്റാ സ്‌പോര്‍ട്‌സ് ക്ലബ് , ആര്‍സിഎഫ്, ഓര്‍കായ് മില്‍സ്, വെസ്റ്റ് ബംഗാള്‍ ടീമുകളിലും ജഴ്‌സി അണിഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ കാംപിലേക്ക് 2 തവണ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അക്കാലത്ത് നെഹുറു ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുത്തങ്കിലും ഗാലറിയിലിരിക്കാനായിരുന്നു വിധി. ഭാര്യ ലൈല ഇന്ത്യന്‍ നാഷണല്‍ വോളിബോള്‍ താരമാണ്. മകന്‍ ലിഹാസ് കോയ ഇന്ത്യന്‍ ജൂനിയര്‍ ടീം ഗോള്‍ കീപ്പറാണ്.