ഇന്ത്യയില്‍ നടക്കാനിരുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് മാറ്റി. ഇന്ത്യയിലെ 5 വേദികളിലായി നവംബര്‍ 2 മുതല്‍ 21 വരെയായിരുന്നു ലോകകപ്പ് നിശ്ചയിച്ചിരുന്നത്. കോവിഡ് 19 വ്യാപിക്കുന്ന പശ്ചാതലത്തിലാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഭരണസമിതി തീരുമാനം എടുത്തത്.
കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവിമുംബൈ എന്നിവിടങ്ങളിലായിരുന്നു ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഏഷ്യന്‍ യോഗ്യതാ മത്സരങ്ങള്‍ മാത്രമാണ് നിലവില്‍ അവസാനിച്ചത്.
അണ്ടര്‍ 17 ലോകകപ്പിന് പുറമെ പനാമയിലും കോസ്റ്ററിക്കയിലുമായി നടക്കേണ്ടിയിരുന്ന അണ്ടര്‍ 20 വനിതാ ലോകകപ്പും മാറ്റിവെച്ചു. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു ടൂര്‍ണമെന്റ്. ടൂര്‍ണമെന്റിന്റെ പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ജൂണില്‍ നടക്കേണ്ടിയിരുന്ന രാജ്യാന്തര മത്സരങ്ങളും മാറ്റി വെച്ചിട്ടുണ്ട്.