സന്തോഷ് ട്രോഫി ടീമിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം | Blasters win against kerala Santhosh Trophy Team

കേരളത്തിന്റെ സന്തോഷ് ട്രോഫി സാധ്യത ടീമിനെതിരായ പ്രീസീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. പനമ്പിള്ളി നഗര്‍ സ്പോര്‍ട്സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം 3-2 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. ഒഗ്ബെചെ, സിഡോഞ്ച, സാമുവല്‍, മുസ്തഫ നിങ് തുടങ്ങിയ പ്രമുഖരെയെല്ലാം ആദ്യ ഇലവനില്‍ ഇറക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് ഇന്നലെ ഇറങ്ങിയത്. ഒമ്പതാം മിനുറ്റില്‍ തന്നെ രഹ്നേഷിന്റെ പിഴവ് മുതലെടുത്ത് എമില്‍ ആണ് സന്തോഷ് ട്രോഫി ടീമിനെ മുന്നില്‍ എത്തിച്ചത്. പെനാല്‍റ്റി ഗോളിലൂടെ ക്യാപ്റ്റന്‍ ഒഗ്ബെചെ (20) ബ്ലാസ്റ്റേഴ്സിനായി സമനില പിടിച്ചു. പിന്നാലെ 34ാം മിനുറ്റില്‍ സിഡോഞ്ച ബ്ലാസ്റ്റേഴ്സിന് ലീഡും നല്‍കി. 64ാം മിനുറ്റില്‍ മൗസിഫിലൂടെയാണ് സന്തോഷ് ട്രോഫി ടീം രണ്ടാം ഗോള്‍ നേടിയത്. എന്നാല്‍ കളിയുടെ അവസാന മിനുറ്റില്‍ മെസി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്സ് വിജയ ഗോള്‍ കുറിച്ചു. നേരത്തെ കേരളത്തിലെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ സതേണ്‍ യുണൈറ്റഡ് എഫ്.സിക്കെതിരെ ജയിച്ച ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ റിയല്‍ കാശ്മീര്‍ എഫ്.സിയോട് ടീം ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു.