About KOA

Kerala Olympic Association

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷനുകളിലൊന്നാണ് (എസ്ഒഎ) കേരള ഒളിമ്പിക് അസോസിയേഷന്‍ (കെഒഎ). ജനറല്‍ കൗണ്‍സില്‍ ഓഫ് അസോസിയേഷന്‍ അംഗീകരിച്ച ഭരണഘടന പ്രകാരമാണ് കെഒഎ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍- കൊച്ചി ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയമപ്രകാരമാണ് കെഒഎ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഒഎയുടെ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെയും അസോസിയേഷന്റെ ജനറല്‍ കൗണ്‍സിലില്‍ നിന്ന് നാല് വര്‍ഷത്തിലൊരിക്കലാണ് തിരഞ്ഞെടുക്കുന്നത്. ഇത് ജനറല്‍ അസംബ്ലി എന്ന് അറിയപ്പെടുന്നു.

തുടക്കം

സംസ്ഥാനത്ത് ഒളിമ്പ്യന്‍മാര്‍ ജനിച്ചതിന് ശേഷമാണ് കേരളത്തില്‍ ഒളിമ്പിക് പ്രസ്ഥാനത്തിന് തുടക്കമാകുന്നത്.1949 ല്‍ പ്രശസ്ത അത്ലറ്റും സംസ്ഥാന അത്ലറ്റിക് പരിശീലകനുമായിരുന്ന എ. രാഘവന്‍ നായര്‍ തിരുവിതാംകൂര്‍-കൊച്ചി ഒളിമ്പിക് അസോസിയേഷന്‍ (ടിഎന്‍സിഒഎ) രൂപീകരിച്ചു. വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലെ അംഗങ്ങളെയും കായിക പ്രേമികളെയും കൂട്ടി തിരുവനന്തപുരത്ത് ആദ്യ യോഗം ചേര്‍ന്നു. 1932 ല്‍ മദ്രാസ് പ്രവിശ്യാ ഗെയിംസില്‍ പങ്കെടുത്ത തിരുവിതാംകൂര്‍ ടീമിന്റെ മാനേജരായിരുന്ന ടിഎന്‍കെ നായരെ തിരുവിതാംകൂര്‍ കൊച്ചി ഒളിമ്പിക് അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുത്തു.

ആദ്യ ഗെയിംസ്

1950 ജനുവരി 6, 7 തീയതികളില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു ടിസിഒഎയുടെ ആദ്യ സംസ്ഥാന ഗെയിംസ്. അക്കാലത്ത് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ ഇല്ലാത്തതിനാല്‍ വിവിധ ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍, പോലീസ് വകുപ്പ് എന്നിവയില്‍ നിന്നുള്ള ടീമുകളായിരുന്നു ഗെയിംസില്‍ പങ്കെടുത്തത്.
1953 ല്‍ ഡല്‍ഹിയില്‍ ആദ്യ ഏഷ്യന്‍ ഗെയിംസ് വന്നപ്പോള്‍ മദ്രാസ് പ്രവിശ്യ ഒളിമ്പിക് ഗെയിംസില്‍ അത്ലറ്റിക്‌സ്, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നീ മത്സരങ്ങളില്‍ ടിഎന്‍സിഒഎ ടീമുകള്‍ കളത്തിലിറങ്ങി. ഫൈനലില്‍ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നിവയില്‍ മദ്രാസ് ടീമിനോട് ടിഎന്‍സിഒഎ തോറ്റു.

സ്വന്തമായി കെട്ടിടം

തിരുവനന്തപുരം സിറ്റിയുടെ ഹൃദയഭാഗത്തുള്ള വാന്റോസ് ജങ്ഷനില്‍ 30 സെന്റ് സ്ഥലം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് നിര്‍മാണത്തിനായി ടിഎന്‍സിഒഎയ്ക്ക് നല്‍കി. അന്നത്തെ തിരുവനന്തപുരം മേയറുടെ സഹകരണത്തോടെ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചും സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയുമാണ് കെട്ടിടം നിര്‍മ്മിച്ചത്.

പുനര്‍നാമകരണം

1956 ല്‍ കേരളം രൂപീകരിച്ചപ്പോള്‍ തിരുവിതാംകൂര്‍ കൊച്ചി ഒളിമ്പിക് അസോസിയേഷനെ കേരള ഒളിമ്പിക് അസോസിയേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. 1958 ല്‍ ഒറീസയില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ ടീം പങ്കെടുത്തു.

നിശ്ചമലായ പ്രവർത്തനം

1959 മുതല്‍ 1975 വരെ കെഒഎ നിഷ്‌ക്രിയമായിരുന്നു. എന്നാല്‍ 1976 ല്‍ ഒളിമ്പിക്‌സ് ഏഷ്യന്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ക്ക് അഫിലിയേഷന്‍ നല്‍കി കെഒഎ വീണ്ടും സജീവമാക്കി. 1978 ല്‍ പുതിയ ഭാരവാഹികള്‍ വന്നു.
ഒരു സംഘടന എന്ന നിലയില്‍ കെഒഎ നിലവിലുണ്ടായിരുന്നെങ്കിലും സജീവമായിരുന്നില്ല.

മാറ്റങ്ങൾക്കായി

കെഒഎയുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളില്‍ പരാജയപ്പെട്ടതിനാല്‍ 2019 ജനുവരി 14 ന് അഡ്ഹോക്ക് കമ്മിറ്റി കെഒഎയുടെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തി. രണ്ട് പതിറ്റാണ്ടിനുശേഷം,
ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി അധികാരമേറ്റു. പ്രസിഡന്റായി വി.സുനില്‍ കുമാറും സെക്രട്ടറിയായി എസ്.രാജിവുമാണ് ചുമതലയേറ്റത്.
കെഒഎയുടെ കീഴില്‍ 14 ജില്ലാ യൂണിറ്റുകളുണ്ട്. 32 സ്റ്റേറ്റ് സ്‌പോര്‍ട്‌സ് അസോസിയേഷനുകളും കെഒഎയില്‍ അംഗങ്ങളാണ്.

വൈറലാവാന് കേരള ഒളിമ്പിക്

കേരളത്തിന്റെ കായിക പ്രേമികള്‍ക്കു മുന്നില്‍ വൈറലാവാന്‍ ഇനി കേരള ഒളിമ്പിക്. കേരളത്തിന്റെ സ്വന്തം സ്പോര്‍ട്സ് യുട്യൂബ് ചാനല്‍. രാജ്യം ഉറ്റുനോക്കുന്ന നമ്മുടെ കായികലോകത്തെ നമുക്ക് അടുത്തറിയാം. കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോര്‍ട്സ് യുട്യൂബ് ചാനലായ ‘ കേരള ഒളിംപിക് ‘ ഈ മേഖലയിലെ രാജ്യത്തെ തന്നെ ആദ്യ ഡിജിറ്റല്‍ സംരംഭമാണ്. കേരളത്തിന്റെ സമ്പന്നമായ കായിക ഭൂപടം ഡിജിറ്റല്‍ രേഖകളായി മാറും. കളിക്കളത്തിലെ വീറുറ്റ മത്സരങ്ങള്‍ എണ്ണമറ്റ ടൂര്‍ണ്ണമെന്റുകള്‍ എല്ലാം ഇനി നമ്മുടെ സ്മാര്‍ട് ഫോണിലും ലാപ്ടോപ്പിലും ടാബിലും കാണാം. ആരാധകരുടെ നെഞ്ചിടിപ്പായവര്‍ , ചരിത്രം മാറ്റിയെഴുതിയവര്‍, നമ്മള്‍ മറന്നു കളഞ്ഞവര്‍ കേരള ഒളിമ്പികിലൂടെ ഇനി മായച്ചു കളയാനാവാത്ത ദ്യശ്യാനുഭവമായി മാറും. ഗ്രാമ നഗര വത്യാസമില്ലാതെ കേരളത്തിന്റെ 14 ജില്ലകളിലേയും കായിക വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ കേരള ഒളിമ്പിക് ഉണ്ടാകും. മാധ്യമങ്ങള്‍ക്കും ആശ്രയിക്കാവുന്ന ആധികാരികത ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.